ന്യൂഡൽഹി: ഇന്ത്യൻ കമ്പനിയായ ബാസു ഇൻറർനാഷണൽ വഴി ഇറക്കുമതി ചെയ്ത് മത്സ്യത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ചു ഇന്ത്യയിൽ നിന്നുള്ള മത്സ്യ ഇറക്കുമതി ചൈന നിരോധിച്ചു. ഒരാഴ്ചത്തേക്കാണ് മത്സ്യ ഇറക്കുമതി നിരോധിച്ചിരിക്കുന്നത്. ഇന്ത്യൻ കമ്പനി ബാസു ഇൻറർനാഷണലിൽ നിന്ന് ഇറക്കുമതി ചെയ്ത മൂന്നു പായ്ക്കറ്റ് മത്സ്യത്തിൽ ആണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ശീതീകരിച്ച കണവ മത്സ്യത്തിലാണ് കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് പാക്കറ്റുകൾ കമ്പനിയിലേക്ക് തന്നെ തിരിച്ചയച്ചു. ബാസു ഇൻറർനാഷണലിൽ നിന്നുള്ള മത്സ്യ ഇറക്കുമതി നിരോധിച്ചതായി ചൈന കസ്റ്റംസ് ഓഫിസാണ് അറിയിച്ചത്. ഒരാഴ്ചയ്ക്കുശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.