Categories
Latest News

സണ്ണി വെയ്‌ന് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ‍

സണ്ണി വെയ്നു ഇന്ന് പിറന്നാൾ . ദുൽഖർ സൽമാനൊപ്പം സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ 2012ൽ മലയാള സിനിമയില്‍ അരങ്ങേറിയ താരം ഇതിനോടകം മുപ്പതിൽപരം സിനിമകളിലഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ ഒരിടം സൃഷ്ടിച്ചെടുക്കാൻ സാധിച്ച നടനാണ് സണ്ണി വെയ്ൻ. വയനാട് ജില്ലയിൽ ജനിച്ച സണ്ണി വെയ്ൻ തന്റെ 29ാം വയസ്സിലാണ് സിനിമയിൽ വരുന്നത് . ദുൽഖർ- സണ്ണി വെയ്ൻ കൂട്ടുകെട്ട് ഒന്നിച്ച നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയെന്ന ചലച്ചിത്രം വലിയ വിജയമായിരുന്നു. മലയാളത്തിലെ മികച്ച റോഡ് മൂവികളിലൊന്നായി ഇന്നും യുവാക്കൾ വിലയിരുത്തുന്ന ചിത്രവും സണ്ണി വെയ്‌നിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നുമാണ് സമീര്‍ താഹിറിന്റെ നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി . നായകൻ എന്നതിനെക്കാളുപരി താരം നിർമ്മാതാവായും സിനിമയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2018ൽ തുടങ്ങിയ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ‘മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകം നിർമ്മിച്ചിട്ടുണ്ട്. നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ നിർമ്മാണം സണ്ണി വെയ്‌നാണ് ഏറ്റെടുത്തിരിക്കുന്നത്.

2013ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം അന്നയും റസൂലും ആയിരുന്നു സണ്ണി വെയ്‌ന് കരിയർ ബ്രേക്ക് സമ്മാനിച്ചത്. ഇതിനു ശേഷമാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, മോസയിലെ കുതിര മീനുകൾ തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന് അവസരങ്ങൾ ലഭിച്ചത്. മൾട്ടി സ്റ്റാർ ചിത്രങ്ങളിലാണ് താരം കൂടുതലായും അഭിനയിച്ചിട്ടുള്ളത്. മലയാളത്തിനു പുറമേ, തമിഴിലും ജിപ്‌സി എന്ന ചിത്രത്തിലൂടെ താരം അരങ്ങേറിയിരുന്നു. അനുഗ്രഹീതൻ ആന്റണിയാണ് സണ്ണി വെയ്ൻ നായകനായെത്തുന്ന പുതിയ ചിത്രം. ചിത്രത്തിലെ ഹരിശങ്കർ ആലപിച്ച ‘മുല്ലേ മുല്ലേ’ എന്ന ഗാനം ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞിരുന്നു. വേഷങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും തന്റേതായ രീതിയിൽ അവതരിപ്പിച്ച് ഫലിപ്പിക്കുക എന്നതാണ് സണ്ണി വെയ്‌നിന്റെ പ്രത്യേകത.

Leave a Reply