സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബർത്തി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പോലീസ് ഇതുവരെ കണ്ടെത്തിയ എല്ലാ തെളിവുകളും വിവരങ്ങളും സി ബിഐക്കു കൈമാറാൻ മുംബൈ പൊലീസിനോട് സുപ്രീകോടതി നിർദേശിച്ചു. വിധി പ്രസ്താവിച്ചത് ജസ്റ്റിസ് ഹൃഷികേശ് റോയിയാണ്.
ബീഹാർ പൊലീസിന് കേസിൽ അധികാരപരിധി ഇല്ലെന്നും, നടന്റെ മരണം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും തൻറെ അപേക്ഷയിൽ റിയ പറഞ്ഞു.

മുംബൈയിലെ അപ്പാർട്ട്‌മെന്റിൽ ജൂൺ 14നായിരുന്നു സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക നേട്ടങ്ങങ്ങൾക്ക് വേണ്ടി റിയ സുശാന്തിനെ ദുരുപയോഗിക്കുയായിരുന്നു എന്നും, മരണത്തിനു പിന്നിൽ റിയ ആണെന്നും സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു.

റിയ ചക്രബർത്തി അനധികൃതമായി സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ കൈമാറിയതായും സുശാന്തിന്റെ അച്ഛൻ ആരോപിച്ചു. ബീഹാർ പൊലീസ് സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ നേരത്തെ റിയക്കും കുടുംബത്തിനും എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി ബി ഐയും റിയയ്ക്കും കുടുംബത്തിനുമെതിരെ കേസെടുത്തു.

ഓരോ ദിവസവും ഓരോ പുതിയ കഥകളാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. താരത്തിന്റെ മരണം ആത്മഹത്യയല്ലെന്ന് തന്നെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കളും ആരാധകരും.