കൊച്ചി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് സ്വർണം കടത്തുന്ന വിവരം അറിയാമായിരുന്നു എന്ന് സ്വപ്നസുരേഷിന്റെ മൊഴി. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപ ഖാലിദ് ശിവശങ്കറിന് നൽകിയ കൈക്കൂലി ആണെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിനെ ഒരു ദിവസം കൂടി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ശിവശങ്കറിനെ ഒരു ദിവസം കൂടി ഇഡി യുടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിയുടെ കരാർ യൂണി ടാക് ബിൽഡേഴ്സ് കോഴയായി പണം നൽകിയതിനാലാണ് അവർക്ക് ലഭിച്ചതെന്നുള്ള വിവരവും ശിവശങ്കറിന് അറിയാമായിരുന്നു. ലൈഫ് മിഷൻ, കെഫോൺ പദ്ധതികളിൽ ശിവശങ്കർ സന്തോഷ് ഈപ്പനെ ഭാഗമാകാൻ താൽപര്യപ്പെട്ടിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ശിവശങ്കറുമായി അടുപ്പമുള്ള ചില ആളുകളുടെ പേര് സ്വപ്ന വെളിപ്പെടുത്തിയതായി ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ശിവശങ്കറും സ്വപ്നയും തമ്മിൽ നേരത്തെ നടത്തിയ കുറച്ച് വാട്സപ്പ് സന്ദേശങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് സ്വപ്നയുടെ സുപ്രധാന വെളിപ്പെടുത്തലുകൾ. കള്ളക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ശിവശങ്കറിന്റെ സംഘങ്ങൾക്ക് അറിയാമായിരുന്നു എന്ന സ്വപ്നയുടെ മൊഴി കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതിനു സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.