,ഓപ്പറേഷൻ ക്ലീൻ കിറ്റ് വിജിലൻസ് പരിശോധനയിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ തട്ടിപ്പു നടന്നതായി കണ്ടെത്തി. 500 രൂപയ്ക്കുള്ള സാധനങ്ങൾ ഓണക്കിറ്റില്‍ ഇല്ലെന്നാണ് കണ്ടെത്തല്‍. കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നത്. മിക്ക പാക്കിങ് സെന്‍ററുകളിലേയും ഓണക്കിറ്റുകളിൽ 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങളാണ് കാണപ്പെട്ടത്.

സർക്കാർ വ്യക്തമാക്കിയിരുന്നത് 500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു. ശർക്കരയുടെ മാത്രം തൂക്കത്തിൽ 50 ഗ്രാം മുതൽ 100 ഗ്രാം വരെ കുറവുള്ളതായി കണ്ടെത്തി. ചില പാക്കറ്റുകളിൽ പാക്കിങ് തീയതി, നിർമാണ തീയതി എന്നിവ ഉണ്ടായിരുന്നില്ല. ചില കിറ്റുകളിൽ എല്ലാ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തിയിരുന്നില്ല. സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഓണക്കിറ്റുകളിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിൽ വീഴ്ച ഉണ്ടായതായും പരിശോധനയിൽ കണ്ടെത്തി.

പരിശോധന വരും ദിവസങ്ങളിലും തുടരും. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു. ‘ഓപ്പറേഷൻ ക്ലീൻ കിറ്റ്’എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത് കിറ്റുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് . അതേസമയം, കിറ്റില്‍ നല്‍കുന്ന 11 ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്ര തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

സപ്ലൈകോയുടെ വിശദീകരണം 500 രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് . . ഇതേ 11 സാധനങ്ങള്‍ സപ്ലൈകോയിൽ നേരിട്ടു പോയി വാങ്ങിയാൽ ആകെ ചെലവാകുന്നത് 357 രൂപ മാത്രമാണ് . അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും 20 രൂപയുടെ തുണിസഞ്ചിയും കൂടി കൂട്ടിയാലും ആകെ 382 രൂപയേ ആകൂ. മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി പൊതുവിപണിയിൽ നിന്ന് വാങ്ങിയാല്‍ പോലും 500 രൂപ വരുന്നില്ല.
പല വിലയ്ക്ക് പല വിതരണക്കാരില്‍ നിന്ന് വാങ്ങിയതിനാല്‍ ഓരോന്നിന്റെയും ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി കണക്കാക്കി നോക്കി. ചെലവ് ആകെ 337രൂപ 18 പൈസ മാത്രം. കിറ്റൊന്നിന് അഞ്ചുരൂപ പായ്ക്കിങ് ചാര്‍ജ് കൂടി കൂട്ടിയാലും ചെലവ് ഒരു കിറ്റിന് 342.18 രൂപയേ ചെലവ് വരൂ. അതായത് പറഞ്ഞതിനേക്കാള്‍ 100 മുതല്‍ 150 രൂപ വരെ കുറവ്. ഓണക്കിറ്റ് നല്‍കുന്നത് 88 ലക്ഷം കുടുംബങ്ങള്‍ക്കാണ്.