!

മുംബൈയില്‍ കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി നൈറ്റ്‌ പാർട്ടികളും മദ്യ സൽക്കാരവും. മുംബൈയിലെ ഒരു പ്രമുഖ നൈറ്റ്‌ ക്ലബില്‍ നിന്നാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അശ്ലീല പ്രവർത്തനങ്ങളും പാർട്ടിയും നടത്തിയതിനു 28 സ്ത്രീകൾ അടക്കം 97 പേരെ ഞായറാഴ്ച പൊലീസ് പിടികൂടിയത്. സ്ത്രീകളെ വിട്ടയച്ചെങ്കിലും റസ്റ്ററന്റ് മാനേജരും വെയിറ്റർമാരും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ജോഗേശ്വര ലിങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ‘ബോംബെ ബ്രൂട്ട്’ എന്ന നൈറ്റ്‌ ക്ലബ്‌ ഹോട്ടലില്‍ മദ്യവും ഹുക്കയുമായി പാട്ടും നൃത്തവും നടത്തുകയാണെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്. അറെസ്റ്റ്‌ ചെയ്തവരില്‍ മിക്കവരും മുംബൈയിലെ ഉന്നത കുടുംബങ്ങളിൽനിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുക്കാൻ യുവാക്കളെ റെസ്റ്റോറന്റ് മാനേജർ നേരിട്ടാണ് ക്ഷണിച്ചതെന്ന് പോലീസ് പറഞ്ഞു. ലോക്ഡൗൺ ഇളവ് അനുവദിച്ചതിന് പിന്നാലെ പാർട്ടി നടത്താൻ അനുമതിയുണ്ടെന്നായിരുന്നു മാനേജർ യുവാക്കളോട് പറഞ്ഞിരുന്നത്. പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന് പുറമേ പൊതുസ്ഥലത്ത് അശ്ലീലപ്രവൃത്തിയിൽ ഏർപ്പെട്ടതിനും പോലീസ് ഉത്തരവ് ലംഘിച്ചതിനും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിൽ സ്ത്രീകളെ വെറുതെവിട്ടതിൽ പോലീസിനെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം വന്‍ വിമർശനവും ഉയർന്നിട്ടുണ്ട് .

കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയിലെ ജനത മുഴുവൻ ഒറ്റക്കെട്ടായി നിന്ന് പോരാടുമ്പോള്‍ ഇത്തരത്തിൽ ആ മാനദണ്ഡങ്ങളെയെല്ലാം കാറ്റിൽ പറത്തി ചിലയിടങ്ങളിൽ നടത്തുന്ന ഇത്തരം പ്രഹസനങ്ങളിൽ വിലകൊടുക്കേണ്ടി വരുന്നത് നിരപരാധികളാണ് .. ,ചുറ്റും ഉണ്ടാകുന്ന അനുഭവങ്ങളില്‍ നിന്ന് പോലും പഠിക്കാതെ ധാർഷ്ട്യം കാണിക്കുകയാണ് ചിലർ.