നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടതല അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. കേസിൽ പ്രതി ചേർക്കപ്പെട്ട പ്രദീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുകയും തുടർന്ന് അന്വേഷണ സംഘം ബേക്കൽ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയുമായിരുന്നു. ദിലീപിനെതിരെ മൊഴി കൊടുത്താൽ ജീവഹാനി ഉണ്ടാവുമെന്ന് ഭീഷണിക്കത്തുകൾ, ഫോൺ കോളുകളും ലഭിച്ചതോടെയാണ് മാപ്പുസാക്ഷിയായ വിപിൻ ലാൽ പോലീസിന് പരാതി നൽകിയത്.

ദിലീപിനുള്ള കത്ത് ജയിലിൽ പൾസർ സുനിക്കായി എഴുതി നൽകിയത് താൻ അല്ലെന്ന് മൊഴി മാറ്റുകയാണെങ്കിൽ സാമ്പത്തിക സഹായം ഉണ്ടാകുമെന്നും മറിച്ചാണെങ്കിൽ ജീവഹാനി വരെ ഉണ്ടാകുമെന്നാണ് ഫോണിലൂടെയും കത്തുകളിലൂടെയും പ്രദീപ് ഭീഷണിപെടുത്തിയെന്നു വിപിൻലാൽ പരാതിയിൽ പറയുന്നു. ജനുവരി 24 ന് പ്രദീപ് കോട്ടത്തല കാസർകോട്ടെത്തി വിപിൻ ലാലിൻറെ ബന്ധുവിനെ കണ്ടു മൊഴിമാറ്റാൻ ആവശ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രദീപ് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖ ,ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ, അവിടെ നിന്നും കാസർകോട്ടേക്ക് സഞ്ചരിച്ച ഓട്ടോ ഡ്രൈവറിന്റെ മൊഴി ,കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയാണ് പ്രത്യേക അന്വേഷണം പ്രദീപിലേക്ക് എത്തിച്ചത്.തുടർന്ന് പ്രദീപിനെ ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു